23 December, 2023 02:27:31 PM


ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കർണാടകയിലെ ഹിജാബ് നിരോധനം നീക്കി സിദ്ധരാമയ്യ



ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ നീക്കം ചെയ്ത് കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹിജാബ് നിരോധനം നീക്കാനായി നിർദേശം നൽകിയതായി അറിയിച്ചത്. ഹിജാബ് നിരോധനം ഇനി ഉണ്ടായിരിക്കില്ല. 

ഹിജാബ് ധരിച്ച് എവിടെ വേണമെങ്കിലും പോകാം. നിങ്ങൾ എന്തു ധരിക്കണമെന്നുള്ളതും എന്തു ഭക്ഷിക്കണമെന്നുള്ളതും തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. അക്കാര്യത്തിൽ ഞാനെന്തിന് നിങ്ങളെ തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു. വസ്ത്രങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും സിദ്ധരാമയ്യ വിമർശിച്ചു.

കർണാടകയിൽ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ വിവാദമായ ഹിജാബ് നിരോധനം നീക്കുമെന്ന് കോൺഗ്രസ് സർക്കാർ സൂചന നൽകിയിരുന്നു. ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രി യൂണിവേഴ്സിറ്റി കോളെജിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ 2021 ഡിസംബറിലാണ് കർണാടകയിൽ പ്രതിഷേധം ശക്തമായത്.പ്രക്ഷോഭം സംസ്ഥാനം മുഴുവൻ പടർന്നു പിടിച്ചു. അതോടെയാണ് അക്കാലത്ത് അധികാരത്തിലുണ്ടായിരുന്ന ബിജെപി സർക്കാർ സ്കൂളുകളിലും പ്രി യൂണിവേഴ്സിറ്റി കോളെജുകളിലും ഹിജാബ് വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K