14 June, 2024 12:59:58 PM


വിവാദത്തിനുള്ള സമയമല്ല, ആരോഗ്യമന്ത്രിക്ക് പോവാന്‍ കഴിയാത്തത് പിന്നെ ചര്‍ച്ച ചെയ്യാം- മുഖ്യമന്ത്രി



കൊച്ചി: പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങള്‍ക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈറ്റ് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍നടപടികള്‍ കുറ്റമറ്റ രീതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും വേണ്ട രീതിയില്‍ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ ഇപ്പോള്‍ വിവാദത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്ക് യാത്ര ചെയ്യാനുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വീണാ ജോര്‍ജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോള്‍ അത് വിവാദമാക്കേണ്ട. പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K