27 June, 2024 12:24:48 PM


പൊലീസ് കസ്റ്റഡിയിലിരിക്കെ മേക്കപ്പിട്ട് കൊലക്കേസ് പ്രതി നടി പവിത്ര ഗൗഡ; എസ്‌ഐക്ക് നോട്ടീസ്



ബംഗളൂരു: രേണുക സ്വാമി വധക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ തുഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ചതിന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബംഗളുരു വെസ്റ്റ് ഡിസിപി നോട്ടീസ് അച്ചത്.

പവിത്രയെ ബംഗളുരുവിലെ വീട്ടിലെത്തി എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടെനിന്ന് മടങ്ങുമ്പോള്‍ പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എസ്‌ഐക്ക് വിശദികരണം തേടി നോട്ടീസ് നല്‍കിയത്

പവിത്രയെ വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ചുമതലയുള്ള വനിതാ ഓഫീസര്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കസ്റ്റഡിയില്‍ പ്രതിയെ മേക്കപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു. പവിത്രക്ക് മേക്കപ്പ് ഇടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തെന്നാണ് കണ്ടെത്തല്‍. പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നത് തടയുകയോ ചെയ്തില്ലെന്ന് ഡിസിപി പറഞ്ഞു.

രേണുക സ്വാമി കൊലക്കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. ദര്‍ശനെ കൊലപാതകത്തിന് നിര്‍ബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. മറ്റ് പ്രതികള്‍ രേണുക സ്വാമിയെ മര്‍ദിക്കുമ്പോള്‍ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു. ദര്‍ശന്‍ ഏര്‍പ്പെടുത്തിയ സംഘം ക്രൂരമര്‍ദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്. ബംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലില്‍നിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. 2011ല്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K