26 December, 2023 10:48:11 AM


ചരിത്രത്തില്‍ ഇതാദ്യം; പാകിസ്ഥാൻ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി



ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാൻ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്. പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

2022 ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ സവീര, ബുനറിലെ പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്. പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഡിസംബര്‍ 23നാണ് സവീര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രദേശത്തെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സവീര ഉറപ്പുനല്‍കി.

തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം പിതാവിനെ സമീപിച്ചുവെന്നും യുവതി വ്യക്തമാക്കി. ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ കെടുകാര്യസ്ഥത നേരില്‍ കണ്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അടുത്തിടെ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി), വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കായി ജനറല്‍ സീറ്റുകളില്‍ അഞ്ച് ശതമാനം സംവരണം ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K