06 July, 2024 10:02:23 AM


ലോഡ് ഇറക്കുന്നതില്‍ തർക്കം: ഭയന്നോടിയ തൊഴിലാളിയുടെ കാലൊടിഞ്ഞ സംഭവം; 10 പേർക്കെതിരെ കേസ്



മലപ്പുറം: എടപ്പാളിൽ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസ്. സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കും. അനധികൃതമായി ലോഡ് ഇറക്കിയതിനെത്തുടർന്ന് ഉണ്ടായ പ്രശ്‌നമാണെന്നാണ് സംഭവത്തിൽ സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ(23) ആണ് പരിക്കേറ്റത്. സിഐടിയുക്കാർ ആക്രമിക്കാൻ പിന്തുടർന്നപ്പോൾ ഭയന്നോടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റതെന്നാണ് തൊഴിലാളിയുടെ ആരോപണം. ഇരുകാലുകളും ഒടിഞ്ഞ ഫയാസ് ചികിത്സയിലാണ്. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളാണ് അക്രമത്തിന് ഇരയായത്.

ചുമട്ടുതൊഴിലാളികളെ ഒഴിവാക്കിയത് മൂലം ഉണ്ടായ പ്രശ്നമാണെന്നാണ് സിഐടിയു ജില്ലാ നേതൃത്വം പറയുന്നു. മറ്റുതരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. മുഴുവൻ കൂലിയും (നോക്കുകൂലി) സിഐടിയുക്കാർക്ക് കൊടുക്കാൻ ശ്രമിച്ചെങ്കിലും അംഗീകരിച്ചില്ലെന്നാണ് കരാറുകാരനും കെട്ടിട ഉടമയും പറയുന്നത്. രാത്രി ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ലോഡ് ഇറക്കിയത്. വിവരം അറിഞ്ഞെത്തിയ സിഐടിയുക്കാർ കമ്പുകളുമായി വന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഫയാസിന് പരുക്കേറ്റത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K