09 July, 2024 09:19:51 AM


മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; മർദ്ദനമേറ്റ് ഒരാൾ മരിച്ചു



ആലപ്പുഴ: സുഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ മർദനമേറ്റ് ഒരാൾ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വര കാടി ബിജു (48) ആണ് മരിച്ചത്. സുഹൃത്ത് വര കാടി മനോജ് കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. 

എറണാകുളത്ത് ഒന്നിച്ച് കൂലിപണിക്ക് പോകുന്ന ഇവർ തിങ്കളാഴ്ച മദ്യപിച്ചെത്തി വഴി നീളെ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ക്ഷേത്രത്തിനു സമീപമാണ് തല്ലുണ്ടായത്. പിന്നീട് ബിജു താമസിക്കുന്ന വീടിന് സമീപമെത്തിയപ്പോൾ പത്തൽ വടി ഉപയോഗിച്ച് ബിജുവിനെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മർദനമേറ്റ് വീണ ബിജുവിനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. ചേർത്തല ഗവ താലൂക്ക് ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻവൈരാഗ്യമാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K