02 December, 2023 03:49:13 PM


ആയുര്‍വേദ ചുമമരുന്ന് കഴിച്ച് 6 പേര്‍ മരിച്ച സംഭവം: ഗുജറാത്തില്‍ 7 പേര്‍ പിടിയില്‍



സൂറത്ത്: ഗുജറാത്തില്‍ ആയുര്‍വേദ ചുമ മരുന്ന് കഴിച്ച് അറ് പേര്‍ മരിച്ച സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തു. സൂറത്തിലെ എഴിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2195 കുപ്പി ചുമമരുന്ന് പൊലീസ് പിടിച്ചെടത്തുണ്ട്. ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പിനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ ഗുജറാത്തിലുടനീളം പോലീസിനെ വിന്യസിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. തുടര്‍ന്ന് സൂറത്ത് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുണ്ടാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് സൂറത്ത് ഡിസിപി രാജ്ദീപ് നക്കും പറഞ്ഞു. ഗോദദ്രയില്‍ നിന്ന് ഒരാളെയും കപോദ്രയില്‍ നടന്ന പരിശോധനയില്‍ രണ്ട് പേരും വരാച്ചയില്‍ രണ്ട് പേരും പിടിയിലായി. ഒരാളെ പൂനയില്‍ നിന്നും ഒരു പ്രതിയെ അമ്രോലി മേഖലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ സിറപ്പുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സിറപ്പിലെ മദ്യത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത എല്ലാ സിറപ്പുകളുടെയും എഫ്എസ്എല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണം ആരംഭിക്കുമെന്ന് ഡിസിപി പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K