10 July, 2024 08:50:17 AM


മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; അമ്മയാന രക്ഷപ്പെടുത്തി



കൊച്ചി: എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന വീണത്. വീട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ കുട്ടിയാനയെ അമ്മയാന വലിച്ചുകയറ്റുകയായിരുന്നു. കാട്ടാനക്കൂട്ടം കാടുകയറുകയും ചെയ്തു.

കുട്ടിയാന വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ തുരുത്താന്‍ വനംവകുപ്പ് ശ്രമിച്ചിരുന്നു.എന്നാല്‍ അമ്മയാനയടക്കം സ്ഥലത്ത് നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല.ഒടുവില്‍ അമ്മയാന തന്നെ കുട്ടിയാനയെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം,കാട്ടാനക്കൂട്ടം സ്ഥിരമായി നാട്ടിലിറങ്ങുന്നതില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം സ്ഥലത്ത് തുടരുകയാണ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K