15 July, 2024 12:09:06 PM
പിറന്നാൾ ആഘോഷത്തിനായി ഗുണ്ടകളുടെ ഒത്തുച്ചേരൽ; വീട് വളഞ്ഞ് 8 പേരെ പൊലീസ് പിടികൂടി
കൊച്ചി: ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോത്തിനെത്തിയ എട്ട് ഗുണ്ടകൾ പിടിയിൽ. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവ് ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വരാപ്പുഴയിലെ വാടകവീട്ടിലാണ് പിറന്നാളാഘോഷം നടന്നത്. ഇവിടെയെത്തിയ വിവിധ ജില്ലകളിലെ ഗുണ്ടകളെ പൊലീസ് പിടികൂടുകയായിരുന്നു.
ആഘോഷം ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ക്ഷണക്കത്ത് വരെ അടിച്ചതിന് ശേഷമാണ് പരിപാടി വാടക വീട്ടിലേക്ക് മാറ്റിയത്. വിവിധ ജില്ലകളിൽ നിന്നുള്ള ഗുണ്ടാ നേതാക്കൾ പരിപാടിക്കെത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഗുണ്ടകളെ പിടികൂടാൻ പൊലീസ് വലവിരിച്ച് കാത്തിരുന്നു. രാധാകൃഷ്ണന്റെ വീടിന് ചുറ്റം പൊലീസ് മഫ്തിയിൽ നിരീക്ഷണം നടത്തി. ഇവിടെ എത്തിയവരിൽ കൊലക്കേസ് പ്രതികളുമുണ്ടായിരുന്നു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത പൊലീസ് പ്രതികളെ പിടികൂടി.
തൃശൂരിൽ നിന്നുള്ള അനസ്, ആലുവയിലെ അർഷാദ്, ആലപ്പുഴയിലെ സൂരജ്, യദു കൃഷ്ണൻ, ഷെറിൻ സേവ്യർ, സുധാകരൻ, പാലക്കാടുനിന്ന് മുഹമ്മദ് ഷംനാസ്, ഏലൂരിൽ നിന്ന്ന വസന്തകുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർക്കെതിരെ കേസേടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. കാപ്പ ചുമത്തപെട്ട് കൊച്ചി സിറ്റി പരിധിയിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണൻ. അറസ്റ്റിലായ മുഹമ്മദ് ഷംനാസ് കൊലപാതക കേസിലെ പ്രതിയാണ്. യദുകൃഷ്ണൻ, വസന്ത് കുമാർ എന്നിവർക്കെതിരെയും വധശ്രമത്തിന് കേസുണ്ട്. അനസിന് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മൂന്നു കേസുകളുണ്ട്. അർഷൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസിൽ പ്രതിയാണ്. സൂരജ് ഹരിപ്പാട് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഷെറിൻ സേവ്യറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ 4 കേസുകളുണ്ട്. സുധാകരൻ കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരകായുധമായെത്തി ആക്രമിച്ച കേസിൽ പ്രതിയാണ്.