17 July, 2024 04:13:15 PM


കാമുകിയുമായി ഒരുമിച്ച് ജീവിക്കാന്‍ ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍



ഹൈദരാബാദ്: കാമുകിയുമായി ഒരുമിച്ച് ജീവിക്കുന്നതിന് ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. അപകടമരണമാണ് എന്ന് വരുത്തി തീര്‍ത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഫിസിയോ തെറാപ്പിസ്റ്റിനെ സംഭവം കഴിഞ്ഞ് 45 ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടക്കം മുതല്‍ സംശയം തോന്നിയ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആയ ബോഡ പ്രവീണ്‍(32) ആണ് അറസ്റ്റിലായത്. ഭാര്യ കുമാരി (29), മക്കളായ കൃഷിക (5), കൃതിക (3) എന്നിവരെയാണ് കാമുകിയുടെ ആവശ്യപ്രകാരം ബോഡ പ്രവീണ്‍ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. മെയ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവരുടെയും മരണം അപകടമരണമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ബോഡ പ്രവീണ്‍ ശ്രമിച്ചത്. ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാറിന്റെ മുന്‍സീറ്റില്‍ വച്ച് കുട്ടികളെ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവം നടന്ന് 45 ദിവസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ദിവസം നിസാര പരിക്കിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങി സാധാരണ ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അപകടമരണമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് പരിക്ക് പറ്റിയതായി കാണിച്ചത്. കുമാരിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ സൂചിയുടെ പാടാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഫലം വന്നതിന് പിന്നാലെയാണ് അറസ്റ്റ്.

കുമാരിയുടെ ശരീരത്തില്‍ അപകടം സംഭവിച്ചതിന്റേതായ മറ്റു പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികളുടെ ദേഹത്തും സമാനമായ പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നില്ല. ഇതാണ് മരണം അപകടമരണമല്ല എന്ന സംശയം വര്‍ധിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്നും പ്രവീണിന്റെ മൊഴിയില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. അപകടം പെരുപ്പിച്ച് കാട്ടാനാണ് പ്രവീണ്‍ ശ്രമിച്ചത്. കൂടാതെ കാറില്‍ നിന്ന്് കണ്ടെത്തിയ സിറിഞ്ചും അന്വേഷണത്തില്‍ നിര്‍ണയാകമായതായി പൊലീസ് പറയുന്നു.

ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കിയ സിറിഞ്ച് ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സംഭവത്തിന് ശേഷം മറ്റൊരു വാടക വീട്ടില്‍ കാമുകിയ്‌ക്കൊപ്പമാണ് പ്രവീണ്‍ താമസിച്ചിരുന്നത്. പ്രവീണ്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ നഴ്‌സ് ആണ് കാമുകി. സംഭവശേഷം ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസില്‍ നിന്ന് ഫോണ്‍ കോളുകള്‍ ഒന്നും വരാതിരുന്നതോടെ, കേസില്‍ നിന്ന്് രക്ഷപ്പെട്ടു എന്നാണ് പ്രവീണ്‍ കരുതിയിരുന്നത്. തുടക്കത്തില്‍ അപകട മരണത്തിനാണ് കേസെടുത്തത്. എന്നാല്‍ സിറിഞ്ചുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് പ്രവീണിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K