22 July, 2024 09:27:00 AM
പിറവത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ താമസം പട്ടിക്കൂട്ടിൽ; ഉടമ വാങ്ങുന്നത് 500 രൂപ വാടക
പിറവം: പിറവത്ത് അന്യസംസ്ഥാന തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയിൽ പട്ടിക്കൂട്ടിൽ താമസിപ്പിച്ചു. പിറവം-പെരുവ റോഡിൽ പിറവം പോലീസ് സ്റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം.
ബംഗാൾ മുർഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദർ (37) ആണ് പട്ടിക്കൂട്ടിൽ വാടകയ്ക്ക് കഴിഞ്ഞത്. സംഭവം വിവാദമായതോടെ പോലീസും ജനപ്രതിനിധികളും ചേർന്ന് ശ്യാംസുന്ദറിനെ ഭാര്യാസഹോദരൻ താമസിച്ചിരുന്ന പിറവം ടൗണിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി.
പുരത്തറക്കുളത്തിനടുത്ത് ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദർ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. തീരെ ചെറുതല്ലാത്ത പട്ടിക്കൂട്ടിൽ നാല് ഭാഗത്തും ഗ്രില്ലുകൾ ഘടിപ്പിച്ചതാണ്. ഗ്രില്ല് വെച്ച ഭാഗം മറച്ചാണ് ശ്യാംസുന്ദർ താമസിച്ചിരുന്നത്. ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തിരുന്നതും ഉറങ്ങിയിരുന്നതുമെല്ലാം പട്ടിക്കൂട്ടിൽ തന്നെ.
സ്വകാര്യ വ്യക്തി റോഡിന് മറുവശത്ത് പുതിയ വീട് നിർമിച്ച് താമസമാക്കിയതോടെ പഴയ വീട് വാടകയ്ക്ക് നൽകി. അന്യസംസ്ഥാന തൊഴിലാളികളടക്കം രണ്ട് കുടുംബങ്ങൾ പഴയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്യാംസുന്ദർ പട്ടിക്കൂട്ടിൽ താമസിക്കുന്ന വിവരം നാട്ടുകാരിലൊരാൾ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിറവം നഗരസഭാധികൃതരും പോലീസും സ്ഥലത്തെത്തി.
പോലീസ് ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദർ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന ആലോചനയിലാണ് പോലീസ്.
ശ്യാംസുന്ദറിൽ നിന്ന് പോലീസ് മൊഴിയെടുത്തുവെങ്കിലും ആരുടെയും പേരിൽ കേസെടുത്തിട്ടില്ല. അനൂപ് ജേക്കബ് എം.എൽ.എ., നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി. സലിം എന്നിവരും നഗരസഭാ കൗൺസിലർമാരും സ്ഥലത്തെത്തിയിരുന്നു.