24 July, 2024 09:24:25 AM
ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന് പരാതി; യുഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. വൈറ്റില വാര്‍ഡ് കൗണ്‍സിലര്‍ സുനിത ഡിക്‌സനെതിരെ മരട് പൊലീസാണ് കേസെടുത്തത്. വൈറ്റിലയില്‍ മുണ്ടെപ്പിള്ളി തോട് നവീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് ആധാരം. ഹോട്ടലിന് മുന്നില്‍വെച്ചായിരുന്നു യുഡിഎഫ് കൗണ്‍സിലറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുന്നത്. ഇതിനിടെ സുനിത ഡിക്‌സണ്‍ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നും ആരോപിച്ച് ജീവനക്കാരി പരാതി നല്‍കുകയായിരുന്നു.
അതേസമയം തോട് കയ്യേറിയത് ചോദ്യം ചെയ്തപ്പോള്‍ ബാര്‍ ഹോട്ടലുകാര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് സുനിത ഡിക്‌സനും ആരോപിച്ചു. മൂന്ന് വര്‍ഷമായി തോട് നവീകരിക്കാന്‍ ബാര്‍ ജീവനക്കാര്‍ സമ്മതിക്കുന്നില്ലെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്ത് മൊബൈല്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.