06 August, 2024 09:42:08 AM


കാസർകോട് ജില്ലാ കോടതി സമുച്ചയത്തിൽ കള്ളൻ കയറി; ജഡ്ജിയുടെ ചേംബറിന് പുറത്ത് കമ്പിപ്പാരയുമായി മോഷ്ടാവ്



കാസർകോട്: ചുറ്റിലും സി.സി.ടി.വി. ക്യാമറകൾ. സുരക്ഷാജീവനക്കാർ. സമീപത്ത് ഒരു പോലീസ് സ്റ്റേഷൻ. മോഷണമുൾപ്പെടെ കുറ്റകൃത്യങ്ങളുടെ വ്യവഹാരങ്ങൾ ഏറെ നടക്കുന്ന ജില്ലാ കോടതി സമുച്ചയത്തിലും കള്ളൻ കയറി. രേഖകൾ സൂക്ഷിക്കുന്ന റെക്കോഡ്‌ മുറിയുടെ പൂട്ടുൾപ്പെടെ തകർത്ത കള്ളൻ സുരക്ഷാജീവനക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു. കോടതിജീവനക്കാർ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ് കോടതി കെട്ടിടത്തിൽ കള്ളൻ കയറിയത്.

കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ട് തകർത്താണ് അകത്തെത്തിയത്.കോടതിവരാന്ത മുഴുവൻ നടന്നെത്തിയതായും സംശയമുണ്ട്. ഒന്നാം നിലയിൽ ജില്ലാ ജഡ്ജിയുടെ ചേംബറിന് പുറത്ത് കള്ളൻ കമ്പിപ്പാര പിടിച്ചുനിൽക്കുന്ന സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.മുഖംമൂടി ധരിച്ച ഒരാൾ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളുമുണ്ട്. കോടതി അധികൃതരുടെ പരാതിയിൽ ഞായറാഴ്ച രാവിലെ വിദ്യാനഗർ എസ്.ഐ. വി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.

ഇന്നലെ രാവിലെയാണ് താഴത്തെ നിലയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോർഡ് മുറിയുടെ വാതിലിന്റെ പൂട്ട് തകർത്തത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ മുറിയുടെ പുറത്തുള്ള ഗ്രിൽ താഴിട്ട് പൂട്ടാറില്ല. അകത്തെ വാതിലിന് മാത്രമാണ് താഴുള്ളത്. രാവിലെ തൂപ്പുജോലിക്കെത്തിയ ജീവനക്കാരിയാണ് പൂട്ട് പൊളിച്ചത് കാണുന്നത്. ഉടൻ മേലുദ്യോഗസ്ഥരെ അറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K