30 December, 2023 01:13:12 PM
കർണാടകയിൽ ആള്‍താമസമില്ലാത്ത വീട്ടില്‍ അഞ്ച് അസ്ഥികൂടം
ബംഗളൂരൂ: കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
2019 മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയൽവാസികൾ പറയുന്നു. നാല് അസ്ഥികൂടങ്ങൾ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്.
വിശദമായ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങൾ തിരിച്ചറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ ഉള്ള മുറിയിൽ കന്നഡയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവർ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയൽവാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
മൃതദേഹങ്ങൾ അഴുകി ശരീരാവശിഷ്ടങ്ങൾ മാത്രമായ ശേഷം വീട്ടിൽ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിന് മുന്നിലെ മരവാതിൽ പൊളിഞ്ഞ നിലയിൽ കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.