09 August, 2024 10:20:47 AM
സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കോഴിക്കോട് സ്വദേശി അങ്കമാലിയിൽ പിടിയിൽ
കാസര്‍കോട്: ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്നയാള്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ്ജാണ് അങ്കമാലിയില്‍ നിന്ന് കാസര്‍കോട് പൊലീസിന്റെ പിടിയിലായത്.
കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. കള്ളന്‍ കോടതിയില്‍ കയറിയെങ്കിലും അപ്പോഴേക്കും വാച്ച്മാന്‍ അറിഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശിയായ സനീഷ് ജോര്‍ജ്ജ് എന്ന സനല്‍ ആണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
ചൊക്ലി പടന്നക്കരയിലാണ് ഇയാൾ താമസിക്കുന്നത്. കാസർകോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്. കോടതിയുടെ ഗ്രിൽ പൊളിച്ച അതേദിവസം കാസർകോട് ചെങ്കളയിലെ മരമില്ലിൽ കയറി 1.84 ലക്ഷം കവർന്നത് താനാണെന്നും ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.
കോടതിയിൽനിന്ന് ഒന്നും കിട്ടാത്തതിനാൽ സമീപത്തെ തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാൽ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെർക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോൾ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാൾ നൽകിയ മൊഴി.
കോടതികള്‍, പോസ്റ്റ്ഓഫീസുകള്‍, സ്കൂളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഈ 44 വയസുകാരന്‍റെ രീതി. പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. ഹൊസ്ദുര്‍ഗ്, സുല്‍ത്താന്‍ബത്തേരി, നാദാപുരം കോടതികളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള 15 കേസുകളില്‍ പ്രതിയാണ് സനീഷെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.