12 August, 2024 06:32:41 PM
മാൾട്ടയിൽ ജോലി വാഗ്ദാനം; തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
പിറവം: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്യുകയും, എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന സി. ദിവ്യമോളെ (40) ആണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമമംഗലം ഊരമന മണ്ണാപ്പറമ്പിൽ എം.കെ. സുരേഷിൽനിന്നാണ് പലപ്പോഴായി 7.75 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. സുരേഷിൻറെ മകന് മാൾട്ടയിൽ ജോലി ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയായിരുന്നു ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന രാജേഷും ഭാര്യ ദിവ്യാമോളും ചേർന്ന് പണം തട്ടിയെടുത്തത്. പണവും മകൻറെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങിച്ചു വെച്ചു.
ഊരമനയിൽ തടിപ്പണി വർക്ക് ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവിസ് സഹകരണ ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു. ശേഷം വായ്പ തുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വിസ ലഭിച്ചില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. തുടർന്നാണ് ഏതാനും മാസം മുമ്പ് സുരേഷ് രാമമംഗലം പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസ്സന്വേഷിച്ച പോലീസ് ദമ്പതിമാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. തന്റെ ഭർത്താവ് രാജേഷ് രണ്ട് ലക്ഷം രൂപ വാങ്ങിയെന്നും അത് കിട്ടിയാലുടൻ വിസ ലഭ്യമാക്കാമെന്നും പോലീസിൻറെ സാന്നിധ്യത്തിൽ യുവതി ഉറപ്പ് നൽകി. എന്നാൽ അതും നടന്നില്ല. പിന്നീട് പൊലീസ് വിളിച്ചിട്ടും ഇവർ ഫോണെടുത്തില്ല. ശേഷം ഇതിനിടയിൽ രാജേഷ് മറ്റൊരു കേസിൽ ജയിലിലുമായി. തുടർന്നാണ് രാമമംഗലം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ്കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണസംഘം എസ്.ഐ ടി.എൽ. ജയൻ, എ.എസ്.ഐ.എസ്. മധു, സീനിയർ സി.പി.ഒ ജിജു കുര്യാക്കോസ്, സി.പി.ഒ ഷാൽബി എന്നിവരടങ്ങുന്ന പൊലീസ് സംഘം ചെങ്ങന്നൂരിൽനിന്നാണ് യുവതിയെ പിടികൂടിയത്. അതേസമയം ചെങ്ങന്നൂരിൽ ഇവർക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.