31 December, 2023 05:40:11 PM


ഓൺലൈൻ റമ്മി കളിക്കാൻ മാല മോഷ്ടിച്ചു; ഭരണങ്ങാനം സ്വദേശി യുവാവ് പിടിയിൽ



പത്തനംതിട്ട : ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഓൺലൈൻ റമ്മി കളിച്ച് അമലിന്‍റെ 3 ലക്ഷം രൂപ നഷ്ടമായി. ഈ പണം വീണ്ടെടുക്കാൻ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.  

ഡിസംബർ 23 നാണ് ഇലവുംതിട്ടയിൽ വെച്ച് 80 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് അമൽ മാല കവർന്നത്. ഒട്ടേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കൈപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ തന്നെയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചോദ്യംചെയ്യലിൽ പൊലീസ് കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. ഓൺലൈൻ റമ്മിക്ക് അടിമയായ യുവാവ് നഷ്ടമായ പണം വീണ്ടെടുക്കാനാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ഈ അടുത്ത് മൂന്ന് ലക്ഷം രൂപ അമൽ അഗസ്റ്റിന് റമ്മി കളിയിൽ നഷ്ടം വന്നിരുന്നു. ഇത് നികത്താനായിരുന്നു മോഷണം.  

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളാണ് അമൽ ആദ്യം ലക്ഷ്യമിട്ടത്. അത് നടക്കാതെ വന്നപ്പോൾ മാല മോഷണത്തിലേക്ക് തിരിഞ്ഞു. റമ്മി കളിച്ച് ആദ്യം ചെറിയ തുക ലാഭം കിട്ടി. പിന്നീട് ചതിക്കുഴിയിൽപ്പെട്ട് വൻ തുക നഷ്ടമായി. റമ്മി കളിക്കായി പലരിൽ നിന്ന് പണം കടംവാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാൻ വഴിയില്ലെന്ന് കണ്ടതോടെയാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ഒടുവിൽ അഴിക്കുള്ളിലുമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K