02 January, 2024 04:59:09 PM
ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വിമാനത്തിന് ലാന്‍റിംഗിനിടെ തീപിടിച്ചു; 5 പേര്‍ മരിച്ചു
ടോക്യോ: ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്നു. അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി.
ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ടോക്യോവിലെ ഹാനഡ വിമാനത്താവളത്തിൽ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ജപ്പാനിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി എയര്‍ ബസ് എ 350 വിമാനം റൺവേയിൽ കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരമായ ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയും കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായി പുറത്തിറങ്ങി.
ആളിപ്പടരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ കാര്യമായ പരുക്കുകൾ ഇല്ലാതെ പുറത്തെത്തിക്കാൻ കഴിഞ്ഞത് ജീവനക്കാരുടെ അസാധാരണ മനസാന്നിധ്യം കൊണ്ടാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, കോസ്റ്റ്ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചു. അപകട കാരണം സംബന്ധിച്ച അന്വേഷണം തുടങ്ങി.