05 September, 2024 12:10:11 PM


മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു വീണ സംഭവം; ശിൽപി അറസ്റ്റിൽ



മുംബൈ: മഹാരാഷ്ട്രയിലെ കൂറ്റൻ ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവത്തിൽ പ്രതിമയുടെ നിർമാണ ചുമതല വഹിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപിയായ ജയ്ദീപ് ആപ്‌തെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൻറെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ കോലാപൂർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഓ​ഗസ്റ്റ് 26-നാണ് പ്രതിമ തകർന്നുവീണത്.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് സിന്ധുദുർഗിൽ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയായിരുന്നു. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. സ്ക്രൂകളും ബോൾട്ടും തുരുമ്പെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി.

പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ പരി​ഹാസവുമായി രം​ഗത്തെത്തിയിരുന്നു. ശിവജി പ്രതിമയുടെ നിർമ്മാണ ടെൻഡറിൽ അഴിമതിയുണ്ടെന്ന് ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ആരോപിച്ചിരുന്നു. സർക്കാരാണ് പ്രതിമയുടെ തകർച്ചക്ക് പിന്നിലെന്നാണ് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പ്രതികരിച്ചത്. സർക്കാർ നിർമാണത്തിന്റെ ​ഗുണനിലവാരത്തിൽ ശ്രദ്ധ ചെലുത്തിയില്ലെന്നും അവർക്ക് ചടങ്ങ് നടത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും ജയന്ത് പാട്ടീൽ ആരോപിച്ചിരുന്നു. പ്രതിമ തകർന്നതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തിയിരുന്നു. ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞുിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K