03 January, 2024 05:09:18 PM
ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ മലയാളി വയോധിക റിയാദില്‍ മരിച്ചു
റിയാദ്: ഉംറ നിർവ്വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങവെ മലയാളി വയോധിക റിയാദില്‍ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുരുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് എയർപോർട്ടിന് സമീപത്തുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിനൊപ്പമാണ് ഖദീജ എത്തിയത്. ഉംറ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടു. തുടർന്ന് വയോധികയെത്തിയ ഗ്രൂപ്പിലുള്ളവർ റിയാദിലേക്ക് പോകുന്നതിനായി ടിക്കറ്റ് ശരിയാക്കിയ ശേഷം ബസിൽ കയറിയാണ് എത്തിയത്. റിയാദ് വിമാനത്താവളത്തിന് അടുത്ത് എത്തുന്നതിന് മുമ്പ് ഖദീജയ്ക്ക് ദേഹാസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. പരേതനായ മുഹമ്മദ് ഹാജിയാണ് മരിച്ച ഖദീജയുടെ ഭർത്താവ്. പരേതരായ മമ്മദ്- ഉമ്മത്ത് ദമ്പതികളാണ് മാതാപിതാക്കൾ. മക്കൾ: ഹസൈനാർ, സക്കീർ, ഹുസൈന്, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ.