06 September, 2024 05:19:18 PM
മുംബൈയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം
മുംബൈ: മുംബൈയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ലോവർ പരേൽ ഏരിയയിലെ 14 നിലകളുള്ള കമല മിൽസ് കോമ്പൗണ്ടിലുള്ള ടൈംസ് ടവർ കെട്ടിടത്തിൽ രാവിലെ 6.30 ഓടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ വാതിലുകളുടെ പൂട്ടുകൾ തകർത്ത് കെട്ടിടത്തിൽ പ്രവേശിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കമല മിൽസ് കോമ്പൗണ്ട് പാർക്ക്സൈഡ് റെസിഡൻഷ്യൽ കെട്ടിടത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ലഭ്യമായ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.