07 September, 2024 09:56:43 AM


'സുരക്ഷാ ഭീഷണി'; മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തുർക്കിയില്‍ അടിയന്തര ലാൻഡിങ്



മുംബൈ: മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെ തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കി വിസ്താര വിമാനം. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് വിമാന കമ്പനി അറിയിച്ചത്. യാത്രക്കിടെ വിമാനത്തിലെ ശുചിമുറിയിൽ സുരക്ഷ ഭീഷണിയുണ്ടാകുന്ന സന്ദേശം ഒരു ജീവനക്കാരന് ലഭിച്ചു. പിന്നാലെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിസ്താര ബോയിംഗ് 787 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.

11 ജീവനക്കാര്‍ ഉള്‍പ്പെടെ 247 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ഒരു ജീവനക്കാരന്‍ 'ബോംബ് ഓണ്‍ ബോര്‍ഡ്' എന്ന് എഴുതിയ കടലാസ് കഷ്ണം കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത ശേഷം വൈകീട്ട് 7.05നാണ് തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കിയത്. യാത്രക്കിടെ വിമാനത്തില്‍ ഒരു സുരക്ഷാ പ്രശ്‌നമുണ്ടാവുകയും അത് ജീവനക്കാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ വിമാനം കിഴക്കന്‍ തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നുവെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചത്.

അടിയന്തര ലാൻഡിങിന് പിന്നാലെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷം പരിശോധന നടത്തി. യാത്രക്കാരുടേയും ജീവനക്കാരുടേയും വിമാനത്തിന്റേയും സുരക്ഷയ്ക്കാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വിസ്താരയുടെ വക്താവ് വ്യക്തമാക്കി.

'പ്രാദേശിക സമയം രാത്രി11.30ന് പരിശോധന പൂര്‍ത്തിയാക്കി. പരിശോധനയില്‍ ബോംബ് ഭീഷണി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം അധിക സുരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിച്ചു'. എര്‍സുറം ഗവര്‍ണര്‍ മുസ്തഫ സിഫ്റ്റി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K