07 September, 2024 01:10:11 PM


എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടാല്‍ എന്താണ് കുഴപ്പം?, വി ഡി സതീശന്‍റേത് ഉണ്ടയില്ലാ വെടി- കെ സുരേന്ദ്രന്‍



കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആര്‍എസ് എസ് നേതാവും എഡിജിപി അജിത് കുമാറും തമ്മില്‍ ചര്‍ച്ച നടത്തി എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തെങ്കിലും യുക്തി വേണ്ടേ? 2024 ഏപ്രിലിലെ പൂരം കലക്കാന്‍ 2023ല്‍ കൂടിക്കാഴ്ച നടത്തി എന്ന് പറയുമ്പോള്‍ പറയുന്നതില്‍ എന്തെങ്കിലും യുക്തി വേണ്ടേ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

'ആര്‍എസ് എസിന്റെ ഒരു സര്‍കാര്യവാഹും ഹോട്ടലില്‍ താമസിക്കില്ല. സംഘടനയെ കുറിച്ച് അറിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത്. ഇന്നേവരെ സര്‍കാര്യവാഹും സര്‍സംഘ്ചാലകും ഹോട്ടലില്‍ താമസിച്ചിട്ടില്ല. അതിനുള്ള സംവിധാനങ്ങള്‍ വേറെ ഉണ്ട്.കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും അന്നും ഞാന്‍ പറഞ്ഞിട്ടില്ല.കണ്ടാല്‍ എന്താണ് കുഴപ്പം? ആര്‍എസ് എസ് നേതാവ് അവിടെ പോയി കണ്ടതാണോ? എന്താണ് ഇത്രവലിയ സംഭവമായിട്ട് കാണാനുള്ളത്?ഒരു പൊലീസുകാരന്‍ ഒരു പൊതുപ്രവര്‍ത്തകനെ കാണാന്‍ പോയി. എന്താണ് ഇതില്‍ ഇത്ര ആനക്കാര്യം? എന്തിനാണ് കണ്ടതെന്ന് പിണറായി വിജയന്‍ അല്ലേ പറയേണ്ടത്.അദ്ദേഹത്തോട് പോയി ചോദിക്കൂ.ഇതിനെല്ലാം ഞങ്ങള്‍ മറുപടി പറയേണ്ടത് എന്തിനാണ്'- കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K