08 September, 2024 03:10:07 PM


'മുകേഷിനെതിരായ ആരോപണത്തിന്‍റെ ഉദ്ദേശ്യം സംശയാസ്പദം'- മേതിൽ ദേവിക



കൊച്ചി: മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് നർത്തകിയും നടിയുമായ മേതിൽ ദേവിക. മുകേഷിനെതിരായ ആരോപണങ്ങളേക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പ്രതികരിക്കുകയായിരുന്നു മേതിൽ ദേവിക. 'ഈ ഒരു ആരോപണങ്ങളിൽ സത്യമെന്താണെന്ന് എനിക്കറിയില്ല. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 

ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്. കോടതി ഉണ്ടല്ലോ, തെളിയിക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സീരിയസ്നസ് പോകരുതന്നേ ഉള്ളൂ. അത് കൊണ്ടു വന്നതിന്റെ ഒരു ഉദ്ദേശ്യം ഉണ്ടല്ലോ. യഥാർഥത്തിലുള്ളതും വ്യാജമായതും ഏതാണെന്ന് ഇപ്പോൾ നമ്മുക്ക് മനസിലാക്കാൻ പറ്റുന്നില്ല.

കോടതി ഉണ്ടിവിടെ. ഇന്നിപ്പോൾ ആർക്ക് വേണമെങ്കിലും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാവുന്ന സമയമാണ്. ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ആരാണോ കുറ്റം ചെയ്തത് അവർ ശിക്ഷിക്കപ്പെടണം, ആണായാലും പെണ്ണായാലും. ഇല്ലെങ്കിൽ അതിനേക്കാൾ ശിക്ഷ അത് ആരോപിക്കുന്നവർക്ക് കൊടുക്കണം. ചുമ്മാ കയറി പറയുന്നത് അപകടമാണ്. വലിയൊരു ഉദ്ദേശ്യശുദ്ധിയോടെ കൊണ്ടുവന്ന ഒരു കാര്യമാണ്.'

'അതിജീവിച്ചവരുണ്ടിവിടെ. ശ്രദ്ധയാകർഷിക്കാനോ പബ്ലിസിറ്റിക്കോ വേണ്ടി പറയുന്നവരാണെങ്കിൽ അവർക്കെതിരെ തുല്യനടപടി എടുക്കണം, എനിക്ക് അത്രയേ പറയാനുള്ളൂ. കേരളത്തിൽ സിനിമ എന്ന് പറയുന്നത് ഒരു മതമാണ്, താരങ്ങൾ അതിലെ ദൈവങ്ങളും. അതൊന്ന് മാറികിട്ടി. എല്ലാകാലത്തും മാറ്റങ്ങൾ വരുമ്പോൾ സം​ഘർഷങ്ങൾ ഉണ്ടാകും. വിവാഹമോചിതരായെങ്കിലും താനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും' മേതിൽ ദേവിക കൂട്ടിച്ചേർത്തു.

'വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. എങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ആ വ്യക്തിയെ അയാൾ എന്താണെന്ന് മനസിലാക്കാൻ കൂടുതൽ എളുപ്പമായി എന്നും'- മേതിൽ ദേവിക പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K