09 September, 2024 11:55:23 AM
പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലെ അവലെബെട്ട മലയിൽ പാറയിൽ തൂങ്ങി നിന്ന് അപകടകരമായ രീതിയില്‍ റീല്‍സ് എടുത്ത സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്ന് പിടിവിട്ടാൽ 800അടിയിലധികം താഴ്ചയിലുള്ള കൊക്കയിലേക്ക് വീഴുമെന്നിരിക്കെയാണ് യുവാവ് പാറയില്‍ തൂങ്ങിനിന്നുകൊണ്ട് പുള്ള് അപ്പ് എടുത്തത്. വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ വൈറലായതോടെയാണ് ചിക്കബെല്ലാപുര പൊലീസ് യുവാവിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തത്.
ഒടുവിൽ മാപ്പുപറഞ്ഞുകൊണ്ട് യുവാവ് തടിയൂരുകയായിരുന്നു. ബാഗല്‍കോട്ട് സ്വദേശിയായ അക്ഷയ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇത്തരം സ്റ്റണ്ടുകല്‍ നടത്തുന്നത് അപകടകരമാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും ആരും അനുകരിക്കരുതെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോയും യുവാവിനെകൊണ്ട് പൊലീസ് എടുപ്പിച്ചു. യുവാവിന്‍റെ അഭ്യാസ പ്രകടനവും ഒടുവിലെ മാപ്പുപറച്ചിലുമെല്ലാം ചേര്‍ത്ത് ചിക്കബെല്ലാപുര പൊലീസ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലും വീഡിയോ ഇട്ടിട്ടുണ്ട്. വൈറലായ യുവാവിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യിപ്പിക്കുകുയം ചെയ്തു.
ബെംഗളൂരുവിൽ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട മലയിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തായിരുന്നു യുവാവിന്‍റെ സാഹസിക പ്രകടനം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ഷൂട്ട് ചെയ്തത്. കീഴ്ക്കാംതൂക്കായ പാറയിൽ കയറിയശേഷം തൂങ്ങി നില്‍ക്കുകയായിരുന്നു. കൈകളിലൊന്ന് തെന്നിപ്പോയാൽ കൊക്കിയിലേക്ക് വീഴുമെന്ന് വീഡിയോയിൽ വ്യക്തമാണ്. തൂങ്ങി നിന്നശേഷം പലതവണ യുവാവ് പുള്ള് അപ്പ് എടുത്തു. ഇതിനുശേഷം പാറയുടെ മുകളിൽ കിടന്ന് പുഷ് അപ്പുമെടുത്തു. സിനിമയിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ത്ത് വീഡിയോ ഇന്‍സ്റ്റാഗ്രാമിലിടുകയും ചെയ്തു. ഇതോടെ വീഡിയോക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ചിക്കബെല്ലാപുര പൊലീസിലും പരാതിയെത്തി. തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.