10 September, 2024 12:05:31 PM
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 46 കാരി കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ തങ്ബൂഹ് ഗ്രാമത്തില്‍ രണ്ട് സായുധസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടു. ഇതേത്തുടര്‍ന്ന് ഭയന്ന നാട്ടുകാര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. നെജാഖോള്‍ ലുങ്ദിം എന്ന സ്ത്രീയാണ് മരിച്ചത്. ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.