12 September, 2024 03:31:48 PM


സുഭദ്ര കൊലപാതകം: ശര്‍മിളയും മാത്യൂസും പൊലീസ് വലയില്‍, പിടികൂടിയത് മണിപ്പാലില്‍ നിന്ന്



ബംഗളൂരു: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ ശര്‍മിളയും മാത്യൂസും മണിപ്പാലില്‍ നിന്നാണ് പിടിയിലായത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

നേരത്തെ ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചിരുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് 'ശിവകൃപ'യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിധിന്‍) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു.

സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K