03 December, 2023 03:42:50 PM


കനത്ത പരാജയം: സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ 17 സീറ്റും കൈവിട്ട് സി പി എം



ന്യൂഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സി.പി.എം സിറ്റിങ് സീറ്റുകളും കൈവിട്ടു. 200 അംഗ നിയമസഭയില്‍ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് പിടിച്ചിരുന്നു.


അതേസമയം, സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയില്‍ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗര്‍ഗഡില്‍ ഗിര്‍ദരിലാല്‍ മഹിയയും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. നാലുവട്ടം എം.എല്‍.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വര്‍ഷം തോറ്റ സീക്കര്‍ ജില്ലയിലെ ദത്താരാംഗഡില്‍ മത്സരിച്ചെങ്കിലും ജനവിധി എതിരായി. അതേസമയം, ഭദ്രയില്‍ ബൻവൻ പുനിയയും ദോഡില്‍ പേമ റാമും രണ്ടാം സ്ഥാനം പിടിച്ചതായാണ് റിപ്പോര്‍ട്ട്.


സീക്കര്‍ -ഉസ്മാൻ ഖാൻ, അനുമാൻ ഗഡ് -രഘുവീര്‍ വര്‍മ, ലക്ഷ്മണ്‍ഗഡ്-വിജേന്ദ്ര ധാക്ക, നോഹര്‍ -മംഗേഷ് ചൗധരി, റായ്സിങ് നഗര്‍ -ഷോപത്റാമ മേഘ്വാള്‍, അനൂപ്ഗഡ് -ശോഭാസിങ് ധില്ലൻ, ദുംഗര്‍പൂര്‍ -ഗൗതം തോമര്‍, താരാനഗര്‍ -നിര്‍മല്‍കുമാര്‍ പ്രജാപത്, സര്‍ദാര്‍ഷഹര്‍ -ഛഗൻലാല്‍ ചൗധരി, ജദൗള്‍ -പ്രേം പര്‍ഗി, ലഡ്നു -ഭഗീരഥ് യാദവ്, നവൻ -കാനാറാം ബിജാരനിയ, സാദുല്‍പൂര്‍ -സുനില്‍ പുനിയ എന്നിവരായിരുന്നു മത്സരിച്ച മറ്റു സ്ഥാനാര്‍ഥികള്‍.


2018ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സി.പി.എം. വിജയിക്കുകയും രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. മറ്റ് അഞ്ചിടങ്ങളില്‍ 45,000ഓളം വോട്ട് പാര്‍ട്ടിക്കുണ്ടായിരുന്നു. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് ചര്‍ച്ച തെറ്റിപിരിഞ്ഞതോടെയാണ് കോണ്‍ഗ്രസും സി.പി.എമ്മും രണ്ടായി മത്സരിക്കുന്നതിന് വഴിവെച്ചത്.


ഇൻഡ്യ മുന്നണിയുടെ പൊതുതാല്‍പര്യം മുൻനിര്‍ത്തിയുള്ള വിട്ടുവീഴ്ച ഒന്നും ഇരുപാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായില്ല. സി.പി.എമ്മിന് പരമാവധി മൂന്നു സീറ്റ് നല്‍കാമെന്നാണ് രാജസ്ഥാന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഖ്ജിന്ദര്‍സിങ് രണ്‍ധാവ അറിയിച്ചത്. ഇൻഡ്യ മുന്നണിയുടെ വിശാല കാഴ്ചപ്പാടോടെ സീറ്റു ധാരണയുണ്ടാക്കാൻ വിട്ടുവീഴ്ചകള്‍ക്കൊന്നും കോണ്‍ഗ്രസ് തയാറായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് 17 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത്.


ഇൻഡ്യ എന്ന കൂട്ടായ്മയോടുള്ള കൂട്ടുത്തരവാദിത്തം കാട്ടുന്ന വിധം സീറ്റ് നീക്കുപോക്കുകള്‍ക്ക് തയാറാകാത്ത കോണ്‍ഗ്രസിനോടുള്ള അമര്‍ഷം കുറുമുന്നണിയെന്ന പോലെ സി.പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും സമാജ് വാദി പാര്‍ട്ടിയും പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റില്‍ ജയിച്ച സി.പി.എം 17 സീറ്റില്‍ മത്സരിച്ചപ്പോള്‍, ചില മണ്ഡലങ്ങളില്‍ അത് കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍ക്ക് തിരിച്ചടിയായിട്ടുണ്ടാകാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K