14 September, 2024 07:32:53 PM


യെച്ചൂരിക്ക് വിട പറഞ്ഞ് രാജ്യം; മൃതദേഹം എയിംസിന് കൈമാറി



ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വീരോചിത യാത്രയയപ്പ് നല്‍കി തലസ്ഥാന നഗരി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപയാത്രയില്‍ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സ്വന്തം ശരീരം സമര്‍പ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

യെച്ചൂരിയുടെ വസതിയില്‍ നിന്ന് 10.15 ഓടെയാണ് മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ എത്തിച്ചത്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രിയസുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933