05 January, 2024 10:27:50 AM
ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണം; പി.എം.എഫ് കമാൻഡര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ പോപുലര്‍ മൊബിലൈസേഷൻ ഫോഴ്സ് (പി.എം.എഫ്) കമാൻഡര്‍ മുഷ്താഖ് താലിബ് അല്‍ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി.
മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അറൂറിയടക്കം ആറുപേരെ ബൈറൂത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിനുപിന്നാലെ തെക്കൻ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു. ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് കമാൻഡറായിരുന്ന ഖാസി സുലൈമാനിയുടെ ഖബറിടത്തിനരികില്‍ കഴിഞ്ഞദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ 95 പേരും മരിച്ചിരുന്നു.
ബഗ്ദാദിലെ ഫലസ്തീൻ സ്ട്രീറ്റില്‍ പി.എം.എഫിന്റെ അല്‍ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് മുഷ്താഖ് താലിബ് അല്‍ സൈദി കൊല്ലപ്പെട്ടത്. ഓഫിസിലേക്ക് വരുന്നതിനിടെ ഗാരേജിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അമേരിക്ക ഏറ്റെടുത്തു. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ചെറുത്തുനില്‍പ് സംഘങ്ങള്‍ നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇസ്രായേല്‍-ലബനാൻ അതിര്‍ത്തിയിലെ നാഖൂറയില്‍ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ലബനാനില്‍ ഇനിയും ആക്രമണം നടത്താനാണ് പദ്ധതിയെങ്കില്‍ പോരാടാൻ തയാറാണെന്നും ഇസ്രായേല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അറൂറി വധത്തിനുപിന്നില്‍ ഇസ്രായേല്‍ തന്നെയാണെന്ന പരോക്ഷ സൂചനയുമായി മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ രംഗത്തെത്തി. ഹമാസ് നേതാക്കള്‍ എവിടെപ്പോയി ഒളിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. അറൂറി വധം വൈറ്റ്ഹൗസിനെ അറിയിക്കാതെ ഇസ്രായേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് അധികൃതര്‍ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തെല്‍അവീവിലെത്തുന്നുണ്ട്.