15 September, 2024 05:59:37 PM
'ജനം വിധിപറയട്ടെ, ശേഷം മുഖ്യമന്ത്രിക്കസേരയിലേക്ക് തിരികെവരാം'- കെജ്‌രിവാൾ
ഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതിക്കേസിൽ ആറു മാസത്തോളം ജയിലിൽ കഴിഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്ക് പിന്നാലെയാണ് കെജ്‌രിവാളിന്റെ സുപ്രധാന പ്രഖ്യാപനം. ഇന്ന് രാവിലെ പുതിയ പാർട്ടി ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രാജി വയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ തീരുമാനിക്കുന്നതുവെരെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിലാണ് നീതിലഭിക്കേണ്ടത്. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്‌രിവാള്‍ പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കി. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കെജ‌്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.