16 September, 2024 12:09:04 PM


അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്; ഡോ. ശ്രീക്കുട്ടിയും പ്രതിയാകും



കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ മൈനാഗപ്പള്ളി സ്വദേശിനിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കുഞ്ഞുമോളാണ് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ട‍ർ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന ഫലം. ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും.

വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാർക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റ‍ർ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകർത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാർ യുവതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K