17 September, 2024 12:31:33 PM


ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ മമത അംഗീകരിച്ചു; പൊലീസ് കമ്മീഷണറെ നീക്കം ചെയ്യും



കൊൽക്കത്ത: ആർ‌ജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ, സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സമരക്കാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ‌ മൂന്നെണ്ണവും അം​ഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും മാറ്റി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ​ഗോയലിനേയും മാറ്റും.

പ്രതിഷേധം തുടരുന്ന ഡോക്ടർമാരുമായി ആറുമണിക്കൂർ നീണ്ട ചർച്ചയിലാണ് തീരുമാനമെടുത്തത്. യുവ ഡോക്ടറുടെ കുടുംബത്തിന് പണം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കൊൽക്കത്ത നോർത്ത് ഡിസിപിയേയും മാറ്റുമെന്ന് മുഖ്യമന്ത്രി മമത അറിയിച്ചു. യുവഡോക്ടർമാർ മുന്നോട്ടുവെച്ച സിബിഐ അന്വേഷണം നിലവിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിഷേധക്കാരുടെ നാല് ആവശ്യങ്ങളും അം​ഗീകരിച്ചിരിക്കുകയാണെന്നും, ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു. വാക്കാലുള്ള ഉറപ്പാണെങ്കിലും, 38 ദിവസം നീണ്ട സമരത്തിന്റെ വലിയ വിജയമാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനങ്ങളെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ പറഞ്ഞു. ആശുപത്രി കേന്ദ്രീകരിച്ചുള്ള മാഫിയ സംഘം ഇപ്പോഴും തുടരുകയാണ്. ഇവർക്കെതിരെയും നടപടി വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. അതേസമയം കൊൽക്കത്ത ബലാത്സം​ഗക്കൊലയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928