18 September, 2024 12:29:33 PM


കോൺ​ഗ്രസിനെ നായയോടുപമിച്ച് ശിവസേന എംഎൽഎ; വീണ്ടും വിവാദം



ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന ഷിൻഡെ വിഭാ​ഗം എംഎൽഎ സഞ്ജയ് ​ഗെയ്ക്വാദ്. കോൺ​ഗ്രസിനെ നായയോട് ഉപമിച്ചാണ് ​ഗെയ്ക്വാ​ദിന്റെ പുതിയ വിവാദ രം​ഗപ്രവേശം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചടങ്ങിലേക്ക് പ്രവേശിക്കുന്ന കോൺ​ഗ്രസ് നായകളെ കുഴിച്ചുമൂടുമെന്നാണ് ​ഗെയ്ക്വാദിന്റെ പരാമർശം. 'പരിപാടിയിൽ ഏതെങ്കിലും കോൺ​ഗ്രസ് നായ പ്രവേശിച്ചാൽ അവരെ കുഴിച്ചമൂടും', സഞ്ജയ് ​ഗെയ്ക്വാദ് പറഞ്ഞു. പരാമർശത്തിൻ്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന വാ​ഗ്ദാനവുമായി ​ഗെയ്ക്വാദ് രം​ഗത്തെത്തിയിരുന്നു. രാഹുൽ ​ഗാന്ധിയുടെ സംവരണ പരാമർശത്തിനെതിരെയായിരുന്നു ​ഗെയ്ക്വാദിന്റെ പാരിതോഷിക വാഗ്ദാനം.

ഞാൻ പരാമർശം നടത്തിയിട്ടുണ്ട്. അതിൽ ഞാൻ ക്ഷമ ചോദിച്ചിട്ടില്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് ക്ഷമ ചോദിക്കണം? 140 കോടിയോളം ജനങ്ങളാണ് രാജ്യത്തുള്ളത്. ഇതിൽ 50 ശതമാനത്തിലധികം പേർക്കും സംവരണം ലഭിക്കുന്നുണ്ട്. സംവരണം ഇല്ലാതാക്കണമെന്ന് പറഞ്ഞ വ്യക്തിക്കെതിരെ ഞാൻ നടത്തിയ പരാമർശം സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്, ​ഗെയ്ക്വാദ് പറഞ്ഞു.

രാഹുൽ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോംബെ നേവൽ ആൻഡ‍് ഹാർബർ പൊലീസ് ആക്ട് പ്രകാരം 351(2), 351(4), 192, 351(3) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യുഎസ് സന്ദർശനത്തിനിടെയായിരുന്നു രാഹുൽ ​ഗാന്ധി സംവരണത്തെ കുറിച്ച് സംസാരിച്ചത്. സംവരണം എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം.

നേരത്തെ ​ഗെയ്ക്വാദിന്റെ വാഹനം പൊലീസുദ്യോ​ഗസ്ഥൻ കഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസുകാരൻ വാഹനത്തിൽ ഛർദ്ദിച്ചുവെന്നും അതിനാൽ സ്വന്തം ഇഷ്ടപ്രകാരം കാർ കഴുകിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919