18 September, 2024 03:56:54 PM


ഷിരൂര്‍ ദൗത്യം: തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്ത്



ബെംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ കാർവാർ തുറമുഖത്ത് നിന്ന് ഇന്ന് രാത്രി ഡ്രഡ്ജർ പുറപ്പെടും. നാളെ രാവിലെ പുതിയ ഗംഗാവലി പാലത്തിന് സമീപം ഡ്രഡ്ജർ എത്തിക്കും. വേലിയിറക്ക സമയത്ത് ഡ്രഡ്ജർ നടപടികൾ തുടങ്ങാനാണ് തീരുമാനം. വൈകിട്ട് 6 മണിയോടെ  വേലിയിറക്കത്തിൽ പുഴയിലെ വെള്ളത്തിന്റെ നിരപ്പ് കുറയുമെന്നാണ് കണക്ക് കൂട്ടൽ. ആ സമയത്ത് പാലത്തിന് കീഴെക്കൂടി ഡ്രഡ്ജർ കടത്തും. രണ്ടാമത്തെ റെയിൽവേ പാലം കടക്കാൻ വലിയ ബുദ്ധിമുട്ട് നേരിടില്ല. മറ്റന്നാൾ രാവിലെ ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ബോട്ട് ഷിരൂരിൽ എത്തിക്കാമെന്നാണ് നിലവിലെ അനുമാനം.  നാളെ നാവിക സേന പുഴയിലെ ഒഴുക്കും അടിത്തട്ടിൽ സോണാർ പരിശോധനയും നടത്തും.  


ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗമാകും തീരുമാനങ്ങളെടുക്കുക. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. ഷിരൂരിലെ നാലുവരി പാതയിൽ ഒരു ഭാഗത്തെ ഗതാഗതം മാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ. റോഡിലേക്ക് വീണ മണ്ണ് നീക്കുന്നത് അടക്കമുള്ളത് ഇനിയും ചെയ്യാനുണ്ട്. പലയിടത്തും വെള്ളം കുത്തിയൊലിച്ച് വരുന്നത് പ്രതിസന്ധിയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936