19 September, 2024 08:55:19 AM


അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും സജീവമാകുന്നു; ഇന്ന് നാവിക സേനയുടെ തിരച്ചിൽ



മംഗലൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവാലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. തിരച്ചിലിനായി നാവികസേനാ സംഘം പ്രധാനമായി പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.

ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാന്‍ കഴിയുന്ന ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിര്‍ത്താനുള്ള രണ്ട് ഭാരമേറിയ തൂണുകള്‍, തൂണ് പുഴയിലിറക്കാനും പുഴയില്‍ നിന്ന് വസ്തുക്കള്‍ എടുക്കാനും കഴിയുന്ന ഒരു ക്രെയിന്‍ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങള്‍.

ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജര്‍ അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. ഗംഗാവലിപ്പുഴയ്ക്ക് കുറുകെ ഗോകര്‍ണത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് ഉയരം കുറവാണ്. അതിനാല്‍ ഇന്ന് പാലത്തിനടുത്ത് എത്തിച്ച ശേഷം ഒരു പകല്‍ കാത്ത് നിന്ന് വൈകീട്ട് വേലിയിറക്ക സമയത്ത് പുഴയിലെ ഒഴുക്ക് കുറയുമ്പോഴേ ടഗ് ബോട്ട് പാലം കടക്കൂ. ശേഷം ഉള്ള ഒരു റെയില്‍പ്പാലവും കടന്ന് നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ഇടത്ത് എത്തിക്കാനാണ് നിലവിലെ ശ്രമം. ടഗ് ബോട്ടിലെ തൊഴിലാളികളുടെയും ദൗത്യസംഘത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താകും തിരച്ചില്‍ എങ്ങനെ തുടരണമെന്നതില്‍ അന്തിമതീരുമാനമുണ്ടാകുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958