19 September, 2024 04:08:36 PM
അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി നാല് മന്ത്രിമാർ
ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി നാല് മന്ത്രിമാർ. ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർ അതിഷിയുടെ മന്ത്രിസഭയിൽ ഭാഗമാകും. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.
സെപ്റ്റംബർ 21നാണ് നിയുക്ത മുഖ്യമന്ത്രി അതിഷി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുൻ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ സ്ഥാനമൊഴിഞ്ഞതോടെയാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. കെജ് രിവാൾ ജയിലിലാക്കപ്പെട്ട സമയത്ത് പാർട്ടിയിൽ സുപ്രധാന പങ്കുവഹിച്ചത് അതിഷിയായിരുന്നു. ധനം, വിദ്യാഭ്യാസം, റവന്യു ഉൾപ്പെടെയുള്ള വകുപ്പുകൾ അതിഷിയാണ് കൈകാര്യം ചെയ്തത്.
ഇതോടെ കോൺഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേൽക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ ഒദ്യോഗിക വസതിയിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ മാറിയേക്കും.
നിയമവ്യവസ്ഥയിൽ നിന്നും തനിക്ക് നീതി ലഭിച്ചുവെന്നും ഇനി നീതി ലഭിക്കാനുള്ളത് ജനങ്ങളുടെ കോടതിയിൽ നിന്നാണെന്നും അരവിന്ദ് കെജ്‍രിവാൾ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളുടെ കോടതിയിലെ അഗ്നിപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിലിരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാജി പ്രഖ്യാപനം.
ഡൽഹിക്കപ്പുറം ദേശീയതലത്തിൽ കൂടി വലിയ ചർച്ചകളിലേക്കായിരുന്നു കെജ്‍രിവാളിന്റെ പ്രഖ്യാപനം ചെന്നെത്തിയത്. സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വേണ്ട ഫയലുകൾ മാത്രം പരിശോധിക്കാനാണ് അനുമതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് നിഗമനം.