22 September, 2024 06:48:04 PM


എസ്പി മോശമായി സംസാരിച്ചു; തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മാല്‍പെ



കാര്‍വാര്‍ : കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കാര്‍വാര്‍ എസ്പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ സംഘം മടങ്ങുന്നത്.

താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് പൊലീസ് തടയുകയാണെന്നും തിരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നുമാണ് ആവശ്യമെന്നും മാല്‍പെ പറഞ്ഞു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.

മോശമായ ഫോണ്‍ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്നതരത്തില്‍ സംസാരിച്ചുവെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല ഞാന്‍ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു. ഡ്രജ്ഡര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടായത്. തത്കാലം വീട്ടിലേക്ക് പോകുന്നു ഈശ്വര്‍ മാല്‍പെ പറഞ്ഞു.

ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ല.വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാല്‍പെ ആരോപിച്ചു. ഇന്ന് ഒരു സ്‌കൂട്ടര്‍ നദിയില്‍ കണ്ടെത്തിയിരുന്നു. അത് പുറത്തേക്ക് എടുത്തു കഴിഞ്ഞു. അതിനൊപ്പം അര്‍ജുന്റെ ലോറിയില്‍ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയില്‍ നിന്നും ഇനിയും വാഹനങ്ങളുടെ ഭാഗങ്ങള്‍ കിട്ടുമെന്ന് കരുതുന്നതായും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാല്‍പെയാണ് അര്‍ജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ ഭാഗവും സ്‌കൂട്ടറും നദിക്കടിയില്‍ നിന്നും കണ്ടെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K