23 September, 2024 07:49:13 PM


മൈനാ​ഗപ്പള്ളി കാർ അപകടം; അജ്മലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി



കൊല്ലം: മൈനാഗപ്പിള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതിയായ അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയാണ് അജ്മലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഒന്നാം പ്രതിയാണ് അജ്മല്‍. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

തിരുവോണ ദിവസമായിരുന്നു കൊല്ലം മൈനാഗപ്പിള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്നു. നിയന്ത്രണം നഷ്ടപ്പെട്ട് നിന്ന വാഹനത്തില്‍ നിന്ന് അജ്മല്‍ ഇറങ്ങി ഓടിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന ശ്രീക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അജ്മല്‍ പിടിയിലായത്.

ട്രാപ്പില്‍ പെട്ടു പോയതാണെന്നാണ് ശ്രീക്കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നുമായിരുന്നു ശ്രീക്കുട്ടി നല്‍കിയ മൊഴി.

എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്നാണ് അജ്മല്‍ പറഞ്ഞത്. 'മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടെയോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,' എന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. വാഹനം മുന്നോട്ട് എടുത്തത് തന്റെ ആഗ്രഹപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952