25 September, 2024 08:55:10 AM


ലോറന്‍സിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം



കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി കളമശേരി മെഡിക്കല്‍ കോളജ്. നിലവില്‍ എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കാന്‍ ലോറന്‍സിന്റെ മൂന്ന് മക്കള്‍ക്കും കളമശേരി മെഡിക്കല്‍ കോളജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കളായ എംഎല്‍ സജീവന്‍, സുജാത, ആശ എന്നിവരോടാണ് സമിതി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോരുത്തര്‍ക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേള്‍ക്കും. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആശയുടെ എതിര്‍പ്പു കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നാണ് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകന്‍ എംഎല്‍ സജീവനും മകള്‍ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നും ഇളയമകള്‍ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ പരിശോധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K