25 September, 2024 06:23:09 PM


തോൽക്കാൻ എന്തായാലും മനസ്സില്ല, അവന്‍റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്- മനാഫ്



മം​ഗലൂരു:  അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചിൽ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു.

'ഞാൻ അപ്പോഴേ പറഞ്ഞതാണ്. ലോറിക്ക് അധികം പരിക്കുണ്ടാകില്ല, ക്യാബിന് അധികം പരിക്കുണ്ടാകില്ല എന്ന്. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറ‍ഞ്ഞതാണ്. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ. ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് ഞാൻ കൊടുത്തതാണ്. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്റെ പരമാവധി ചെയ്തു. പല പ്രതിസന്ധികൾ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്. തോൽക്കാൻ എന്തായാലും മനസ്സില്ല. അവനെയും കൊണ്ടേ പോകൂ. ആ വാക്ക് അമ്മയ്ക്ക് പാലിച്ചുകൊടുക്കുകയാണ്,' മനാഫ് പറഞ്ഞു.

കാണാതായി 71-ാം ദിവസമാണ് കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയത്. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്. സംഭവം നടന്ന് മൂന്ന് ദിവവസത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ തിരച്ചിൽ ആരംഭിച്ചത്. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ തിരച്ചിൽ ആരംഭിച്ചത്. പിന്നീട് പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ഓ​ഗസ്റ്റ് 16നാണ് തിരച്ചിൽ അവസാനിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K