26 September, 2024 09:19:18 AM
യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. ഒഡീഷ സ്വദേശിയായ മുക്തിരഞ്ജൻ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഒഡീഷയിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു പ്രതി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിയെ അന്വേഷിച്ച് പൊലീസ് ഒഡീഷയിലെത്തിയപ്പോഴാണ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാർട്ട്‌മെന്റിലെ ഒറ്റമുറിയിൽ നിന്നാണ് മഹാലക്ഷ്മിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയത്. ബിഹാർ സ്വദേശിനിയായ മഹാലക്ഷ്മി ജോലിക്കായാണ് ബംഗളൂരുവിൽ താമസമാക്കിയത്. മഹാലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ അമ്മയും സഹോദരിയും സമീപവാസികളുടെ നിർദേശപ്രകാരം മഹാലക്ഷ്മിയുടെ മുറിയിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്ത് കയറിനോക്കിയപ്പോഴാണ് ഫ്രിഡ്ജിന് സമീപത്ത് രക്തക്കറകളും ഈച്ചകളെയും കാണുന്നത്. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം നിരവധി കഷണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്.
ഏകദേശം 50 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലുകൾ സിംഗിൾ ഡോർ ഫ്രിഡ്ജിന്റെ മുകൾ തട്ടിലായായിരുന്നു സൂക്ഷിച്ചിരുന്നത്. മറ്റു ഭാഗങ്ങൾ താഴെയും സൂക്ഷിച്ചിരുന്നു. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ലിവിങ് റൂമിൽ വസ്ത്രങ്ങളും ചെരുപ്പുകളുമെല്ലാം വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. ഫ്രിഡ്ജിമന് സമീപത്ത് പുഴുക്കളും രക്തക്കറകളുമുണ്ടായിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു. വിവാഹിതയായ മഹാലക്ഷ്മിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞ ഭർത്താവ് ഏറെക്കാലമായി ഇവരിൽ നിന്നും മാറിയാണ് താമസിക്കുന്നത്. നാല് വയസുള്ള കുഞ്ഞും ഇവർക്കുണ്ട്. 2023 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണെന്നാണ് ഭർത്താവ് ഹേമന്ത് ദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.