27 September, 2024 07:15:34 PM
അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്
ബാംഗ്ലൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.
രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും. വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.