01 October, 2024 03:51:48 AM
'കവചം' ട്രയല്‍ റണ്‍ ഇന്ന്; സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങും
പി എം മുകുന്ദൻ
തൃശൂർ : പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 'കവചം സൈറണുകളുടെ' ട്രയല്‍ റണ്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) നടക്കും.
വിവിധ ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള 91 മുന്നറിയിപ്പ് സൈറണുകളുടെ (കവചം - കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്‍റ് സിസ്റ്റം) പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 5.45 വരെ നടക്കുന്നത്. അവയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ കേന്ദ്രീകരിച്ചു നിയന്ത്രിച്ചു സൈറണ്‍ വഴി ശബ്ദമുന്നറിയിപ്പ്, വിവിധ അലര്‍ട്ടുകള്‍ക്ക് അനുസൃതമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്നു തരം അലാം എന്നിവ സംവിധാനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇതിനു പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതല്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത് -10. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
പാലക്കാട് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് ട്രയല്‍ റണ്‍ നടക്കുക. ജില്ലയിലെ മുതലമട ചുള്ളിയാര്‍മേട്ടെ പ്രീ മെട്രിക് ഹോസ്റ്റല്‍, ജിഎച്ച്എസ്എസ് കോഴിപ്പാറ, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ്, അട്ടപ്പാടി ഗവ. ഐ.ടി.ഐ, ജി.വി.എച്ച്.എസ്.എസ് അഗളി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള
സൈറണുകളാണ് ഇന്ന് മുഴങ്ങുക. അഗളി മേലെമുള്ള ഊരില്‍ സൈറണ്‍ സ്ഥിപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇന്ന് ട്രയല്‍ റണ്‍ നടക്കില്ല. മുതലമട ചുള്ളിയാര്‍മേട് പ്രീമെട്രിക് ഹോസ്റ്റല്‍- ഉച്ചയ്ക്ക് ശേഷം 3.10, ജിഎച്ച്എസ്എസ് കോഴിപ്പാറ- ഉച്ചയ്ക്ക് ശേഷം 3.15, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോര്‍ ഡഫ് ഉച്ചയ്ക്ക് ശഷം 3.20, ഗവ. ഐ.ടി.ഐ അട്ടപ്പാടി ഉച്ചയ്ക്ക് ശേഷം 3.25, ജി.വി.എച്ച്.എസ്.എസ് അഗളി- ഉച്ചയ്ക്ക് ശേഷം 3.30 എന്നീ സമയങ്ങളിലാണ് സൈറണ്‍ മുഴങ്ങുക.