08 October, 2024 08:53:39 AM


ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി; ശ്രീനാഥിനേയും പ്രയാഗയേയും ഉടൻ ചോദ്യം ചെയ്യും



കൊച്ചി: ​ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാ​ഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. ഓം പ്രകാശിന്റെ ലഹരി പാർട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക.

പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദർശൻ അറിയിച്ചു. ​മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.

ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K