12 October, 2024 10:40:56 AM


ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിച്ചു; ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി



കൊച്ചി: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികിലുള്ള കിണറിലേക്ക് പതിച്ചു. ഇന്നലെ രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. 

അതേസമയം യാത്രികരെ കിണറ്റിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികർ പറയുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു. 

കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K