18 October, 2024 02:41:31 PM


അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിലെ സ്മാർ‍ട്ട് ഫോൺ മോഷണം; 3 പേർ പിടിയിൽ



കൊച്ചി: അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ 3 പേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നു 20 മൊബൈൽ ഫോണുകളും കണ്ടെത്തി. കൊച്ചി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ ഐ ഫോൺ ഉൾപ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്.

പതിനായിരക്കണക്കിനു പേർ പങ്കെടുത്ത മെ​ഗാ ഡിജെ ഷോക്കിടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെ കാണികൾക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തിൽ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈൽ കവർന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുൻനിരയിൽ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്.

പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ.

അതിനിടെ അലൻ വാക്കറുടെ ബം​ഗളൂരു ഷോയ്ക്കിടെയും സമാന രീതിയിൽ മോഷണം നടന്നിരുന്നു. സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ‍ഡൽഹി ചോർ ബസാറിൽ മൊബൈൽ ഫോണുകൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാജ്യ തലസ്ഥാനത്തെത്തിയത്. പിന്നാലെയാണ് 3 പേരെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K