18 October, 2024 05:48:09 PM


'യോഗത്തിൽ എത്തിയത് കളക്ടർ ക്ഷണിച്ചത് പ്രകാരം'; മുൻകൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ



കൊച്ചി: എഡിഎം നവീന്‍ ബാബു മരിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ആത്മഹത്യാ പ്രേരണാക്കുറ്റത്തില്‍ തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ദിവ്യ ആവശ്യപ്പെടുന്നു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂര്‍ കളക്ടറാണ്. കളക്ടറേറ്റില്‍ മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് കലക്ടര്‍ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കളക്ടറാണ്.

കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്ന് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസ് എടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K