22 October, 2024 04:39:34 PM


മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം- ബോംബെ ഹൈക്കോടതി



മുംബൈ: മുസ്‌ലിം സമുദായത്തിലെ പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിലവിൽ നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പിൽ കോർപറേഷന്‍റെ നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ കോടതി വിധി വന്നത്.

തന്റെ മൂന്നാം വിവാഹത്തിനായി മുസ്‌ലിം പുരുഷൻ നൽകിയ അപേക്ഷ താനെ കോർപറേഷൻ തള്ളിയിരുന്നു. മഹാരാഷ്ട്രയിലെ വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരം ഒരാൾക്ക് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കാട്ടിയായിരുന്നു ഇത്തരത്തിൽ വിവാഹ രജിസ്ട്രേഷൻ അപേക്ഷ തള്ളിയത്. അൾജീരിയൻ സ്വദേശിയായ സ്ത്രീയുമായുള്ള വിവാഹത്തിനായിരുന്നു താനെ സ്വദേശി അപേക്ഷിച്ചിരുന്നത്. ഇയാൾ നേരത്തെ മൊറോക്കോ സ്വദേശിനിയെ രണ്ടാംവിവാഹം ചെയ്തിരുന്നെന്നും താനെ കോർപറേഷൻ ചൂണ്ടിക്കാട്ടി.

മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷന് നാല് വിവാഹം വരെ ഒരേസമയം രജിസ്റ്റർ ചെയ്യാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.പി. കൊളാബവാല, ജസ്റ്റിസ് സോമശേഖരൻ സുന്ദരേശൻ എന്നിവരാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമങ്ങളാണ് വിവാഹ രജിസ്ട്രേഷനിൽ പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ മറികടക്കുന്നതല്ല മഹാരാഷ്ട്ര വിവാഹ രജിസ്ട്രേഷൻ നിയമം എന്നും കൂട്ടിച്ചേർത്തു.

ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ താനെ കോർപറേഷനോട് നിർദേശിച്ച കോടതി, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവാൻ സമയമെടുക്കുകയാണെങ്കിൽ അൾജീരിയൻ സ്വദേശിയായ വധുവിന് അതുവരേക്കും രാജ്യത്തുനിന്ന് പുറത്താക്കാതിരിക്കാൻ സംരക്ഷണമൊരുക്കണമെന്നും നിർദേശിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K