04 December, 2023 09:38:04 AM


ചെന്നൈ നഗരത്തിൽ കനത്ത മഴ; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി



ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചയോടെ കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ പെയ്ത മഴയിൽ ചെന്നൈയിലെ  റോയപ്പേട്ട, കോടമ്പാക്കം, വെസ്റ്റ് മാമ്പലം, ചിദാദ്രിപേട്ട് എന്നിവിടങ്ങളിലെ പല സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകുമെന്നും അധികൃതർ അറിയിക്കുന്നു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വ്യാസാര്‍പാടിയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ചെന്നൈ സെന്‍ട്രലിലേക്ക് വരേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം തുടങ്ങി ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. 

പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K